National
ന്യൂഡൽഹി: യുവതിയെ ശല്യം ചെയ്തത് തടയാൻ ശ്രമിച്ച യുവാവിന് മർദനം. ഡൽഹിയിലെ സാകേതിലാണ് സംഭവം. സങ്കം വിഹാർ സ്വദേശി മുകേഷിനാണ് പരിക്കേറ്റത്. നാലുപേർ ചേർന്നാണ് മുകേഷിനെ മർദിച്ചത്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ വിശാൽ റാവത് (26), ജിതിൻ (20), സോനു (25), വിവേക് (20) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പുലർച്ചെ ജോലിക്ക് പോവുകയായിരുന്ന യുവതിയെ രണ്ട് സ്കൂട്ടറിലായി വന്ന നാല് പേർ ചേർന്ന് ശല്യം ചെയ്യുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് മുകേഷിന് മർദനമേറ്റത്.
പ്രതികൾ ഇദ്ദേഹത്തിന്റെ മുഖത്തും നെഞ്ചിലും വയറിലും ഇടിക്കുകയും ചവിട്ടുകയും ചെയ്തു. മദ്യപിച്ചെത്തിയ ഇവർ മുകേഷിനെ ഇഷ്ടികകൾ കൊണ്ടും ആക്രമിച്ചു. സംഭവസ്ഥലത്തിണ്ടായിരുന്ന മറ്റുള്ളവർ ഇവരെ തടയാൻ ശ്രമിച്ചതോടെ അക്രമികൾ ഓടി രക്ഷപ്പെട്ടു.
മുകേഷിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിലും തുടർന്ന് എയിംസ് ട്രോമ സെന്ററിലേക്കും കൊണ്ടുപോയി. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് പോലീസ് നടത്തിയ പരിശോധനയിലാണ് അക്രമികളായ നാല് പേരെ തിരിച്ചറിഞ്ഞ് പോലീസ് കേസെടുത്തത്.
International
മോസ്കോ: എണ്ണ ഇറക്കുമതി നിർത്തുമെന്ന് ഇന്ത്യ അറിയിച്ചിട്ടില്ലെന്ന് റഷ്യ. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്താൻ ഇന്ത്യ സമ്മതിച്ചെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിക്കുകയായിരുന്നു ക്രെംലിൻ വക്താവ് ദിമിത്ര പെസ്കോവ്.
ഇന്ത്യയുമായുള്ള ബന്ധം വികസിപ്പിക്കുന്നതിനുള്ള ശ്രമം റഷ്യ തുടരുമെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ ഇറക്കുമതി നിർത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ എണ്ണകന്പനികളുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്ന് റഷ്യൻ ഊർജ മന്ത്രാലയം അറിയിച്ചു.
ലോകത്തെ മൂന്നാമത്തെ വലിയ എണ്ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. 88 ശതമാനം ക്രൂഡ് ഓയിൽ ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ചൈന കഴിഞ്ഞാൽ ഏറ്റവും കൂടുതൽ റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യമായി ഇന്ത്യ മാറി.
Kerala
മലപ്പുറം: എംവിഡിയുടെ വാഹന പരിശോധനയ്ക്കിടെ വിദ്യാർഥികൾ കാർ നിർത്താതെ പോയി. മലപ്പുറം തിരൂർ പറവണ്ണയിലാണ് സംഭവം. തിരൂർ ജോയിൻ ആർടി ഓഫീസിന്റെ കീഴിലെ ഉദ്യോഗസ്ഥര് പരിശോധന നടത്തുന്നതിനിടെയാണ് സംഭവം.
സ്കൂൾ യൂണിഫോമിൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ ആണ് ഉദ്യോഗസ്ഥർ കൈ കാണിച്ചിട്ടും നിർത്താതെ പോയത്. മോഡിഫൈ ചെയ്ത വാഹനമാണ് ഉദ്യോഗസ്ഥൻ നിർത്താൻ ശ്രമിച്ചത്.
തിരൂർ കൊടക്കൽ ഭാഗത്തു വെച്ച് ഉദ്യോഗസ്ഥർ കൈ കാണിച്ചെങ്കിലും കാർ നിർത്തിയില്ല. വാഹനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് എംവിഡി അറിയിച്ചു.
Kerala
കൊല്ലം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റോപ്പുകൾ ഉടൻ പ്രാബല്യത്തിലാകും.
അതേസമയം കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിക്കുന്നതെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 16127, 16128 ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ്പ് അനുവദിച്ചു.
16325, 16325 നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്റ്റേഷനുകളിൽ നിർത്തും. 16327, 16328 മധുരൈ-ഗുരുവായൂർ എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനിലും 16334 തിരുവനന്തപുരം സെൻട്രൽ - വെരാവൽ എക്സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു.
16336 നാഗർകോവിൽ - ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനിലും 16341 ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിന് പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും.16366 നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തും.
16609 തൃശൂർ - കണ്ണൂർ എക്സ്പ്രസ് കണ്ണൂർ സൗത്ത് സ്റ്റേഷനിലും 16730 പുനലൂർ-മധുരൈ എക്സ്പ്രസ് ബാലരാമപുരം സ്റ്റേഷനിലും നിർത്തും.16791 തൂത്തുക്കുടി - പാലക്കാട് പാലരുവി എക്സ്പ്രസ് കിളികൊല്ലൂർ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു.
19259 തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി ) - ഭാവ്നഗർ എക്സ്പ്രസ്, 22149, 22150 എറണാകുളം - പൂന്നൈ എക്സ്പ്രസ് എന്നിവ വടകര സ്റ്റേഷനിൽ നിർത്തും.16309, 16310 എറണാകുളം-കായംകുളം മെമുവിന് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും.
22475, 22476 ഹിസാർ - കോയമ്പത്തൂർ എക്സ്പ്രസ് തിരൂരിലും 22651, 22652 ചെന്നൈ സെൻട്രൽ - പാലക്കാട് എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ നിർത്തും. 66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു തുവ്വൂർ സ്റ്റേഷനിൽ നിർത്തുമെന്നും അറിയിപ്പിൽ പറയുന്നു.
NRI
കോപ്പന്ഹേഗന്: കത്തുകള് വിതരണം ചെയ്യുന്നത് നിര്ത്തുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമെന്ന പദവി ഡെന്മാര്ക്ക് കരസ്ഥമാക്കും. 2026 ജനുവരി മുതലാണ് ഇതിന് പ്രാബല്യം. ഈ വര്ഷം ഡിസംബര് 30ന് കത്തുകള് വിതരണം ചെയ്യുന്നതും ശേഖരിക്കുന്നതും പൂര്ണമായും നിര്ത്തുന്ന ആദ്യത്തെ യൂറോപ്യന് രാജ്യമായി ഡെന്മാര്ക്ക് മാറുകയാണ്.
കാരണം, കഴിഞ്ഞ 25 വര്ഷത്തിനിടെ കത്തുകളുടെ എണ്ണം 90 ശതമാനം കുറഞ്ഞു. 2024ല് മാത്രം കത്തുകളുടെ എണ്ണം 30 ശതമാനം കുറഞ്ഞു. സര്ക്കാര് ഉടമസ്ഥതയിലുള്ള തപാല് സേവനമായ പോസ്റ്റനോര്ഡ് ആണ് ഈ തീരുമാനം പ്രഖ്യാപിച്ചത്.
തപാല് കമ്പനികള് അവരുടെ സേവനങ്ങള് താങ്ങാനാവുന്ന വിലയില് എല്ലാ പൗരന്മാര്ക്കും ലഭ്യമാക്കുന്നതിനുള്ള പൊതു ബാധ്യത നിര്ത്തലാക്കുന്ന ഒരു നിയമം ഡെന്മാര്ക്ക് മുമ്പ് പാസാക്കിയിരുന്നു. അതേസമയം, മൂല്യവര്ധിത നികുതിയില് നിന്ന് തപാല് സേവനങ്ങളെ ഒഴിവാക്കിയത് എടുത്തുകളഞ്ഞു.
ഒരു സാധാരണ കത്തിന്റെ വില 29 ക്രോണറായി ഉയര്ന്നു. ഏകദേശം ഇത് 4.50 യൂറോയ്ക്ക് തുല്യമാണ്. ഇത് കത്തുകളെ കൂടുതല് ആകര്ഷകമല്ലാതാക്കി. ഡെന്മാര്ക്ക് സ്വീകരിച്ച ഈ നീക്കം ഒരു ആഗോള പ്രവണതയെ പ്രതിഫലിപ്പിക്കുന്നുവെന്നാണ് വെളിപ്പെടുന്നത്.
പരമ്പരാഗത പേപ്പര് കത്തിടപാടുകള്ക്ക് പകരം ഇമെയിലുകള്, ടെക്സ്റ്റ് സന്ദേശങ്ങള്, സോഷ്യല് നെറ്റ്വര്ക്കുകള് എന്നിവ കൂടുതലായി വരുന്നതിനാല്, കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ലോകമെമ്പാടും മെയിലുകളുടെ എണ്ണം കുറഞ്ഞു.
കോവിഡ് 19 പാന്ഡെമിക് സമയത്ത് പൗരന്മാര് ഓണ്ലൈനില് കൂടുതല് ആശയവിനിമയം നടത്തിയപ്പോള് ലോക്ക്ഡൗണുകള് ഈ പ്രക്രിയയെ ത്വരിതപ്പെടുത്തി. ലോക്ക്ഡൗണുകള്ക്കിടയില് ആളുകള് കൂടുതല് വ്യാപകമായി ഓണ്ലൈനില് ആശയവിനിമയം നടത്തിയതിനാല് കോവിഡ് 19 പാന്ഡെമിക് ഈ മാറ്റത്തെ കൂടുതല് ത്വരിതപ്പെടുത്തി.
അതേസമയം, ഓണ്ലൈന് റീട്ടെയില് ഒരു കുതിച്ചുചാട്ടം അനുഭവപ്പെട്ടു. അയച്ച പാഴ്സലുകളുടെ എണ്ണം അതിവേഗം വളര്ന്നുകൊണ്ടേയിരിക്കുന്നു. 2022ല്, ലോകമെമ്പാടും 161 ബില്യണ് പാഴ്സലുകള് അയച്ചു. 2027 ഓടെ ഈ എണ്ണം 256 ബില്യണായി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു.
International
വാഷിംഗ്ടൺ : ഗാസയുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക മുന്നോട്ടുവച്ച സമാധാന പദ്ധതി ഹമാസ് അംഗീകരിച്ചതിനെ സ്വാഗതം ചെയ്ത് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹമാസ് ശാശ്വത സമാധാനത്തിന് തയാറായെന്നാണ് കരുതുന്നു.
ഗാസയിലെ ബോംബാക്രമണം ഇസ്രയേൽ ഉടൻ അവസാനിപ്പിക്കണം. എന്നാലേ ബന്ദികളെ പെട്ടെന്നും സുരക്ഷിതമായും തിരികെ ലഭിക്കൂവെന്നും ട്രംപ് പറഞ്ഞു. അതേസമയം ബന്ദി മോചനവും ഭരണക്കൈമാറ്റവും ഒഴികെയുള്ള ഉപാധികളിൽ ചർച്ച വേണമെന്ന ആവശ്യത്തെക്കുറിച്ച് ട്രംപ് പരാമർശിച്ചിട്ടില്ല.
ഹമാസിന്റെ നിർദേശങ്ങളിലുള്ള സമ്പൂർണ പ്രതികരണം ഉൾക്കൊള്ളിക്കുന്ന വീഡിയോ ട്രംപ് ഉടൻ പുറത്തുവിടുമെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ട്രംപ് മുന്നോട്ടുവച്ച ചില ഉപാധികളിന്മേൽ കൂടുതൽ ചർച്ച വേണമെന്നും ഹമാസ് അറിയിച്ചു.